ദുബൈ: ഇറാനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് പശ്ചിമേഷ്യയിലേക്കുള്ള വിമാന സർവീസുകൾ യൂറോപ്യൻ കമ്പനികൾ റദ്ദാക്കി. മേഖലയിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് വിമാനക്കമ്പനികളുടെ ഈ അടിയന്തര നീക്കം. ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ് ദുബൈയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് ഈ തീരുമാനം പിൻവലിച്ചു. എന്നാൽ ഡച്ച് എയർലൈനായ കെ.എൽ.എം ദുബൈ, റിയാദ്, ദമ്മാം, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇറാൻ, ഇറാഖ്, ഇസ്രായേൽ വ്യോമാതിർത്തികൾ ഒഴിവാക്കിയായിരിക്കും കെ.എൽ.എമ്മിന്റെ ഇനിവരുന്ന സർവീസുകൾ.
ജർമ്മൻ കമ്പനിയായ ലുഫ്താൻസ മാർച്ച് 29 വരെ ടെഹ്‌റാനിലേക്കുള്ള സർവീസുകൾ റദ്ദാക്കിയപ്പോൾ ഓസ്ട്രിയൻ എയർലൈൻസും സമാനമായ തീരുമാനത്തിലേക്കാണ് നീങ്ങുന്നത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഗൾഫ് മേഖലയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ഏത് നിമിഷവും സൈനിക നടപടി ഉണ്ടായേക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പാണ് വിമാനക്കമ്പനികളെ ആശങ്കയിലാഴ്ത്തിയത്. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകുന്നതിനാലാണ് വിമാന സർവീസുകളിൽ ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് കമ്പനികൾ വ്യക്തമാക്കി. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നത് ആഗോള വിമാന ഗതാഗതത്തെയും ഗൾഫ് പ്രവാസികളുടെ യാത്രയെയും കാര്യമായി ബാധിച്ചേക്കും.



