പാലക്കാട്: ചരക്കുവാഹന ഉടമകളിൽ നിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ജിഎസ്ടി ഇന്റലിജൻസ് ഓഫീസറെ വിജിലൻസ് സംഘം നാടകീയമായി പിടികൂടി. പാലക്കാട് ജിഎസ്ടി ഓഫീസിലെ വാളയാർ സ്ക്വാഡ് ഇന്റലിജൻസ് ഓഫീസറായ സുമൻ (55) ആണ് 3.5 ലക്ഷം രൂപയുമായി അറസ്റ്റിലായത്. ലോറി ജീവനക്കാരുടെയും ഉടമയുടെയും വേഷത്തിലെത്തിയ വിജിലൻസ് സംഘം പുതുശ്ശേരി കുരുടിക്കാട് വെച്ച് പണം കൈമാറുന്നതിനിടെ ഇയാളെ വളയുകയായിരുന്നു. അമിതഭാരം ആരോപിച്ച് പിടിച്ചെടുത്ത രണ്ട് ലോറികളുടെ വലിയ തുകയിലുള്ള പിഴ ഒഴിവാക്കി നൽകാനായി നാല് ലക്ഷം രൂപയാണ് ഇയാൾ ഉടമയോട് ആവശ്യപ്പെട്ടത്. ഒടുവിൽ 3.5 ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു.
ലോറി ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഒരുക്കിയ കെണിയിലാണ് സുമൻ കുടുങ്ങിയത്. പണം കൈപ്പറ്റിയ ഉടൻ തന്നെ വേഷപ്രച്ഛന്നരായി നിന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിന് പിന്നാലെ സുമന്റെ പുതുശ്ശേരി ജവഹർ നഗറിലെ വീട്ടിലും വിജിലൻസ് വിശദമായ പരിശോധന നടത്തി. മുൻപും ഇയാൾക്കെതിരെ കൈക്കൂലി സംബന്ധിച്ച നിരവധി പരാതികൾ ഉയർന്നിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.



