റിയാദ്: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, വിവിധ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങി അഞ്ഞൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു. പതാക ഉയർത്തലിന് ശേഷം മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അംബാസഡർ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തിനും പ്രവാസികൾക്കുമായി നൽകിയ സന്ദേശം വായിച്ചു.
ഭാരതത്തിന്റെ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികം ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. ഇതിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ ചരിത്രപ്രാധാന്യം വിളിച്ചോതുന്ന പ്രത്യേക കലാപരിപാടികളും ഫോട്ടോ ബൂത്തും എംബസിയിൽ ഒരുക്കിയിരുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പ്രവാസി സംഘടനകളും അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്തരൂപങ്ങളും സംഗീതപരിപാടികളും സദസ്സിന് ഹൃദ്യമായ അനുഭവമായി. ചടങ്ങിന് ശേഷം ഇന്ത്യൻ സമൂഹവുമായും പ്രാദേശിക മാധ്യമപ്രവർത്തകരുമായും ആശയവിനിമയം നടത്തിയ ഡോ. ഖാൻ, ഇന്ത്യ-സൗദി ബന്ധം ദൃഢമാക്കുന്നതിൽ പ്രവാസികൾ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ചു. ദേശീയ ഐക്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും സ്മരണ പുതുക്കിയാണ് ആഘോഷങ്ങൾ സമാപിച്ചത്.



