21.6 C
Saudi Arabia
Monday, February 23, 2026
spot_img

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നിലിരുന്ന് മദ്യപാനം; ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് പരസ്യമായി മദ്യപിച്ച സംഭവത്തിൽ കഴക്കൂട്ടം സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുൺ, രതീഷ്, അഖിൽരാജ്, അരുൺ എം.എസ്, മനോജ് കുമാർ എന്നിവർക്കെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർ നടപടിയെടുത്തത്. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിലിരുന്ന് ഇവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടത്. മദ്യപാനത്തിന് ശേഷം ഇതേ വാഹനമോടിച്ചാണ് ഇവർ സമീപത്തെ ഒരു വിവാഹ സൽക്കാരത്തിന് പോയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ഗ്രേഡ് എസ്.ഐ ബിനുവിനെതിരെ പ്രത്യേകം കേസെടുക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ ശിക്ഷണ നടപടികളുടെ ഭാഗമായി ‘നല്ല നടപ്പ്’ പരിശീലനത്തിനായി തൃശ്ശൂരിലെ പൊലീസ് അക്കാദമിയിലേക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥർ സ്റ്റേഷന് തൊട്ടുമുന്നിലിരുന്ന് ഇത്തരത്തിൽ പെരുമാറിയത് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയതായി കമ്മീഷണർ വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കഴക്കൂട്ടം എ.സി.പിയെ ചുമതലപ്പെടുത്തിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles