തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരുടെ വായ്പാ ബാധ്യതകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു. ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ബാങ്കുകളുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർക്കാർ ഈ നിർണ്ണായക തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ദുരന്തബാധിതരുടെ വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാൻ തുക അനുവദിക്കാൻ തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക വിനിയോഗിക്കും.
ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പല ബാങ്കുകളും ഇതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദുരന്തത്തിൽ വീടും ഉപജീവന മാർഗ്ഗവും നഷ്ടപ്പെട്ടവർക്ക് ജപ്തി നോട്ടീസ് ഉൾപ്പെടെ ലഭിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സർക്കാരിന്റെ ഈ ഇടപെടലിലൂടെ വയനാട്ടിലെ ദുരന്തബാധിതരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. വായ്പകൾ സർക്കാർ തിരിച്ചടയ്ക്കുന്നതോടെ ഇവരുടെ സാമ്പത്തിക ബാധ്യതകൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



