റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ വൈദ്യുത റെയിൽവേ പദ്ധതിയുടെ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. റിയാദിൽ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. ഏകദേശം 785 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത സൗദി തലസ്ഥാനമായ റിയാദിനെയും ഖത്തർ തലസ്ഥാനമായ ദോഹയെയും തമ്മിൽ ബന്ധിപ്പിക്കും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ റിയാദിൽ നിന്ന് ദോഹയിലേക്കുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയും.
സൗദിയിലെ ദമ്മാം, അൽ-അഹ്സ തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന ഈ റെയിൽവേ ശൃംഖല റിയാദിലെ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിക്കും. മേഖലയിലെ വ്യാപാര-വിനോദസഞ്ചാര മേഖലകൾക്ക് വലിയ ഉണർവ് നൽകുന്ന ഈ പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രിസഭ വിലയിരുത്തി. യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പദ്ധതി പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.



