തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും കേരള പീപ്പിൾസ് പാർട്ടി നേതാവുമായ ദേവൻ. തനിക്ക് സ്ഥാനമാനങ്ങളോട് താല്പര്യമില്ലായിരുന്നുവെന്നും പാർട്ടിയിൽ പ്രവർത്തിക്കാനുള്ള സ്പേസ് ലഭിക്കാത്തതാണ് രാജിവെക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുണ്ടായ അപ്രതീക്ഷിത തീരുമാനമല്ല ഇതെന്നും കഴിഞ്ഞ ആറുമാസമായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ദേവൻ ആരോപിച്ചു. സ്ഥാനമോഹിയായല്ല താൻ ബി.ജെ.പിയിൽ എത്തിയത്. ദേശീയതലത്തിലെ ഉന്നത നേതാക്കളിൽ നിന്ന് നിരവധി ഉറപ്പുകൾ ലഭിച്ച ശേഷമാണ് എത്തിയത്. എന്നാൽ ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെങ്കിലും ഹിന്ദുക്കളിൽ വരെ ബി.ജെ.പിയെക്കുറിച്ച് ഭയവും ഭീതിയും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2021-ൽ ഡൽഹിയിൽ വെച്ച് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാർട്ടി ലയിപ്പിക്കുന്ന സമയത്ത് ഏത് സീറ്റാണ് വേണ്ടതെന്ന് ചോദിച്ചപ്പോഴും തനിക്ക് സീറ്റല്ല, പ്രവർത്തിക്കാനുള്ള അവസരമാണ് വേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. താൻ ഒരു രാഷ്ട്രീയ നേതാവിനും വിധേയപ്പെടാറില്ലെന്ന് വ്യക്തമാക്കിയ ദേവൻ, രാജിവെക്കുന്ന കാര്യം സംസ്ഥാന പ്രസിഡന്റിനെ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.



