ആണവ ചർച്ചകൾക്കിടെ ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച; തല കുനിക്കാതെ ഇറാൻ

വാഷിംഗ്ടൺ: ഇറാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം ഇസ്രായേൽ പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ സന്ദർശനമാണിത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ അമേരിക്കക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ് നെതന്യാഹുവിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഒമാനിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രഹസ്യ ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

ആണവ വിഷയത്തിൽ മാത്രം ചർച്ച പരിമിതപ്പെടുന്നത് തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് സൂചന. അതേസമയം, അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശത്തിൽ ഉറച്ചുനിൽക്കുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക അനുമതി നൽകിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മേഖലയിലെ സമാധാനം അട്ടിമറിക്കാനുള്ള ഇസ്രായേൽ നീക്കങ്ങൾ തിരിച്ചറിയണമെന്ന് ഇറാൻ അമേരിക്കയോട് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles