കോട്ടയം: ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിച്ച് നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലെത്തുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയത്ത് നടക്കുന്ന കെ.പി.സി.സി സംസ്‌കാര സാഹിതിയുടെ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഒരു യാത്ര പറയാൻ പോലും അനുവദിക്കാതെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിൽ കടുത്ത നീതികേടുണ്ടായെന്നും, സർക്കാരിനെ വിമർശിച്ച സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദനെ നിലനിർത്തി തന്നെ മാത്രം മാറ്റിയത് ഇരട്ടനീതിയാണെന്നും പ്രേംകുമാർ ആരോപിച്ചു.
പ്രേംകുമാറിനെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ യു ഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. അതേസമയം, പാർട്ടി വിടാനൊരുങ്ങുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാൻ സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിലെത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാൻ അദ്ദേഹത്തിന് സാധിച്ചില്ല. ആശാ സമരവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ വലിയ കുറ്റമായി കണ്ട സർക്കാർ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് താരം. കോൺഗ്രസ് വേദിയിലെ ഈ സാന്നിധ്യം അദ്ദേഹത്തിന്റെ ഔദ്യോഗികമായ പാർട്ടി പ്രവേശനത്തിന്റെ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്.



