തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള അപേക്ഷകളുടെ (ഫോം 7) എണ്ണത്തിൽ സംസ്ഥാനത്ത് അസ്വാഭാവികമായ വർധനവ്. കഴിഞ്ഞ ജനുവരി 31 മുതൽ ഫെബ്രുവരി 16 വരെയുള്ള വെറും 17 ദിവസത്തിനുള്ളിൽ 1,66,404 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മൂന്ന് മാസക്കാലയളവിൽ ആകെ 23,636 അപേക്ഷകൾ മാത്രം ലഭിച്ച സ്ഥാനത്താണ് ഇപ്പോൾ ഏഴിരട്ടിയിലധികം വർധനവ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ തങ്ങൾക്ക് വോട്ട് ലഭിക്കാൻ സാധ്യതയില്ലാത്തവരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.
മഞ്ചേശ്വരത്ത് വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ബി.ജെ.പി ജില്ലാ സെക്രട്ടറി വ്യാജ പരാതി നൽകിയത് നേരത്തെ വിവാദമായിരുന്നു. വ്യാജമായി ഫോം 7 നൽകിയ ലോകേഷ് നോണ്ടക്കെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കുറ്റം തെളിയുകയാണെങ്കിൽ ഒരു വർഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. നിലവിൽ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ അതാത് മണ്ഡലത്തിലുള്ള ആർക്കും അപേക്ഷിക്കാമെന്ന വ്യവസ്ഥയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. അപേക്ഷകളുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഈ കുതിച്ചുചാട്ടത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.



