കൊല്ലം : കൊല്ലം ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമായിരുന്നു അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് പാതയോരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ വാനിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം കൂടിയായിരുന്നു മരിച്ച ലക്ഷ്മി. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാടൻപാട്ട് രംഗത്തെ വളർന്നുവരുന്ന പ്രതിഭയുടെ വിയോഗം നാടിനെയും കലാസാംസ്കാരിക ലോകത്തെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



