ദുബൈ : വിസിറ്റ് വിസയിലുള്ളവർ അനുവദനീയമായ കാലയളവ് കവിയുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നത് അവർക്ക് വിസ നടപടികൾ [പൂർത്തിയാക്കി കൊടുത്ത ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും കാരണമായേക്കുമെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സന്ദർശകർ കൂടുതൽ താമസിക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന കേസുകൾ വർദ്ധിച്ചു വരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ദുബൈ എയർപോർട്ടുകളിൽ കർശനമായ പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
സന്ദർശക വിസയിൽ ഉള്ളവർ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യുമ്പോൾ, പല കേസുകളിലും സാമ്പത്തികവും നിയമപരവുമായ പല പ്രതിസന്ധികളും ട്രാവൽ ഏജൻസികൾ നേരിടേണ്ടി വരുന്നുണ്ട്.
ഓരോ ഒളിച്ചോട്ട കേസിനും ട്രാവൽ ഏജൻസികൾ അധികാരികൾക്ക് 2,500 ദിർഹം പിഴ നൽകണം. കൂടാതെ, ഏജൻസിയുടെ വിസ ക്വാട്ട കുറയുന്നതിനും ഇത് കാരണമാകുന്നുണ്ട്.
വിസ ഗ്രേസ് പിരീഡിനെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് സന്ദർശകരെ പ്രധാനമായും കുടുക്കുന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡ് കഴിഞ്ഞ വർഷം എടുത്തുകളഞ്ഞിട്ടുണ്ട്, ഇത് അറിയാത്ത പലരും അവരുടെ വിസയുടെ കാലഹരണ തീയതിക്ക് അപ്പുറം തുടരാൻ 10 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ടെന്ന ധാരണയിലാണ് ഇത് മനഃപൂർവമല്ലാത്ത കാലതാമസത്തിലേക്ക് നയിക്കുന്നു.
പെട്ടെന്നുള്ള സാമ്പത്തിക സങ്കീർണതകളും കാലാവധി കഴിഞ്ഞുള്ള താമസത്തിനു കാരണമാകുന്നുണ്ട്. അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ കൃത്യസമയത്ത് നാട്ടിലേക്ക് മടങ്ങുന്നത്തിൽ മാനസിക പ്രയാസം ഉണ്ടാക്കുകയും കുറച്ചു ദവസങ്ങൾ കൂടെ തങ്ങാൻ കാരണമാവുകയും ചെയ്യുന്നതായി രംഗത്തെ പ്രമുഖർ വിലയിരുത്തുന്നു.
അനധികൃതമായി താമസിക്കുന്ന സന്ദർശകർക്ക് കനത്ത പിഴയും കേസ് പിൻവലിക്കുകയും ചെയ്യുന്നതിനായി ഭീമമായ തുകയാണ് ചെലവ് വരുന്നത് ഒളിച്ചോടിയയാതായി രേഖപ്പെടുത്തിയ സന്ദർശകർക്ക് ഏറ്റവും കുറഞ്ഞത് 2,000 ദിർഹം പിഴയും മറ്റു ചിലവുകളൂം എക്സിറ്റ് ഫീസും അടയ്‌ക്കുന്നതിലൂടെ സ്റ്റാറ്റസ് നീക്കം ചെയ്യാനാകും. ഇങ്ങനെ നിയമ സാധുത നേടി താമസം തുടരാൻ മൊത്തം തുക 5,000 ദിർഹമിൽ കൂടുതലായി ചെലവ് വർദ്ധിക്കുമെന്ന് സന്ദർശകർ അറിഞ്ഞിരിക്കണം.



