കണ്ണൂർ: സുഹൃത്തിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥിക്ക് സഹപാഠികളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റു. കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും കാഞ്ഞിരോട് സ്വദേശിയുമായ മുൻസാഫിനാണ് (15) പരിക്കേറ്റത്. കണ്ണിനും കൈക്കും പരിക്കേറ്റ വിദ്യാർഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിൽ വെച്ച് ഒരു സുഹൃത്തിനെ സഹപാഠികൾ മർദ്ദിക്കുന്നത് മുൻസാഫ് തടയാൻ ശ്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് പിന്നീട് വലിയ ആക്രമണത്തിലേക്ക് നയിച്ചത്. പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ ബസിൽ വെച്ച് കൈയേറ്റം ചെയ്ത വിദ്യാർഥി സംഘം, പിന്നീട് സ്കൂളിലെത്തിയപ്പോഴും മുൻസാഫിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
പത്തോളം വരുന്ന വിദ്യാർഥികൾ ചേർന്ന് നിലത്ത് തള്ളിയിട്ട ശേഷം മുഖത്തും ദേഹത്തും ക്രൂരമായി ചവിട്ടിയതായാണ് പരാതി. മർദ്ദനത്തിന് പിന്നാലെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം എടക്കാട് പോലീസിനും സ്കൂൾ അധികൃതർക്കും പരാതി നൽകി. ആശുപത്രിയിലെത്തി മുൻസാഫിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ്, കേസ് സംബന്ധിച്ച റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) കൈമാറുമെന്ന് അറിയിച്ചു. മകന് നേരെ നടന്നത് അതിക്രൂരമായ ആക്രമണമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.



