ജനീവ: അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള 1.5 കോടിയിലധികം വിദേശികൾ എല്ലാവിധ അവകാശങ്ങളും ഉറപ്പാക്കുന്ന സുശക്തമായ നിയമ-നീതിപീഠ വ്യവസ്ഥയ്ക്ക് കീഴിലാണ് സൗദി അറേബ്യയിൽ ജീവിക്കുന്നതെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ. ഹാല അൽ തുവൈജിരി. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 61-ാമത് മനുഷ്യാവകാശ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘വിഷൻ 2030’-ന്റെ ഭാഗമായി രാജ്യം നടപ്പിലാക്കിയ വിപ്ലവകരമായ മനുഷ്യാവകാശ പരിഷ്കാരങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവർ അക്കമിട്ട് നിരത്തി. തൊഴിലിടങ്ങളിലെ തുല്യ അവസരം ഉറപ്പാക്കൽ, നിർബന്ധിത തൊഴിൽ നിർദ്ദാരണം, ബാലവേല തടയൽ എന്നിവയ്ക്കായി സൗദി അറേബ്യ സ്വീകരിച്ച നടപടികൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് 15 ശതമാനത്തിൽ നിന്ന് 73 ശതമാനമായി വർദ്ധിച്ചതായും തൊഴിൽ സംബന്ധമായ മരണങ്ങളിൽ 70 ശതമാനം കുറവുണ്ടായതായും ഡോ. ഹാല വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2016-ലെ 12.3 ശതമാനത്തിൽ നിന്ന് 2025-ൽ 7 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. സ്ത്രീ ശാക്തീകരണ രംഗത്തെ നേട്ടങ്ങളും ശ്രദ്ധേയമാണ്; തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം 34 ശതമാനത്തിന് മുകളിലെത്തുകയും മധ്യ-ഉന്നത മാനേജ്‌മെന്റ് തസ്തികകളിൽ 44 ശതമാനം വനിതകൾ ഇടംപിടിക്കുകയും ചെയ്തു. ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അവർ, സുഡാനിലെയും യമനിലെയും സമാധാന ശ്രമങ്ങൾക്ക് സൗദിയുടെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. മനുഷ്യാവകാശ സംരക്ഷണം എന്നത് കേവലം നിയമപരമായ ബാധ്യത മാത്രമല്ല, ദേശീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ധാർമ്മിക കടമയാണെന്നും അവർ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.



