ന്യൂഡൽഹി: ശബരിമലയിലെ തങ്കയങ്കി മോഷണവും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നേരെ സുപ്രീം കോടതിയുടെ കടുത്ത പരാമർശം. “ശബരിമലയിൽ ഇനി എന്താണ് ബാക്കിയുള്ളത്?” എന്ന് ചോദിച്ച കോടതി, ക്ഷേത്രത്തിലെ ആഭരണങ്ങളുടെ സുരക്ഷയിൽ സംഭവിച്ച ഗുരുതര വീഴ്ചകളിൽ വലിയ ആശങ്ക രേഖപ്പെടുത്തി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതീവ സുരക്ഷയുള്ള ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെടുന്നത് നിസ്സാരമായി കാണാനാവില്ലെന്നും കേസിന്റെ അന്വേഷണ പുരോഗതിയിൽ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ക്ഷേത്രത്തിലെ സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. കേസിൽ ഉൾപ്പെട്ട ഉന്നതർക്കെതിരെ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ ആചാരങ്ങളുമായും വിശ്വാസവുമായും ബന്ധപ്പെട്ട വസ്തുക്കളുടെ സംരക്ഷണത്തിൽ സർക്കാർ കൂടുതൽ ജാഗ്രത കാട്ടേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തോട് (SIT) ഇതുവരെയുള്ള നടപടികളുടെ വിശദമായ റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ ഈ പരാമർശങ്ങൾ സർക്കാരിനും ദേവസ്വം ബോർഡിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.



