‘ദ കേരള സ്റ്റോറി 2’ റിലീസിന് ഹൈക്കോടതി അനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ചിത്രത്തിന്റെ റിലീസിന് നിയമപരമായ തടസ്സങ്ങൾ നീങ്ങി. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടിയന്തര നടപടി സ്വീകരിച്ചത്.

സിനിമയെന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഒരു പ്രത്യേക പ്രദേശത്തെയോ മതത്തെയോ ഇത് മോശമായി ചിത്രീകരിക്കുന്നില്ലെന്നും നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചു. രാത്രിയിൽ നടന്ന അടിയന്തര വാദത്തിനൊടുവിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. ചിത്രം നിശ്ചയിച്ച പ്രകാരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാം. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. വർഗീയ വിദ്വേഷം പടർത്തുന്നു എന്നാരോപിച്ച് നൽകിയ ഹർജികളിലാണ് നേരത്തെ സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞിരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles