പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പ് നടപടികളിൽ ഗുരുതരമായ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയെത്തുടർന്ന് ആഭ്യന്തര വകുപ്പാണ് നടപടി സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ നേരിട്ട് സ്ഥലത്തുണ്ടാകണമെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രത്യേക നിർദ്ദേശമുണ്ടായിട്ടും ഡിവൈഎസ്പി എത്തിയില്ലെന്ന് കണ്ടെത്തി. തെളിവെടുപ്പ് സമയത്ത് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെട്ടതും ഇദ്ദേഹത്തിനെതിരായ നടപടിക്ക് കാരണമായി.
സംഭവത്തിൽ ഡിവൈഎസ്പി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കേസിലെ മറ്റ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും നിരീക്ഷണത്തിലാണ്. അതേസമയം, ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന പ്രോസിക്യൂഷൻ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ കൂടുതൽ സമയം തേടിയിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ കേസ് പരിഗണിക്കുന്നത്.
ജാമ്യത്തിലിരിക്കെ സാക്ഷികളെയോ പരാതിക്കാരിയെയോ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന കർശന ഉപാധിയോടെയാണ് കോടതി നേരത്തെ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹം വാട്‌സ്ആപ്പ് കോളിലൂടെ അതിജീവിതയെ ബന്ധപ്പെട്ടെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. മറുപടി നൽകാൻ രാഹുൽ സമയം ആവശ്യപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ പരാതികളിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള ഈ അച്ചടക്ക നടപടി.



