കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 2027-ലെ ഹജ്ജ് തീർത്ഥാടനത്തിനായി ഓൺലൈൻ വഴി ലഭിച്ചത് 24,500 അപേക്ഷകൾ. രാജ്യത്താകമാനം മൊത്തം 2,01,725 അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയ്ക്ക് ആകെ അനുവദിച്ചിട്ടുള്ള ഹജ്ജ് ക്വാട്ട 1,75,000 ആണ്. അപേക്ഷകരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. 31,755 അപേക്ഷകളുമായി ഗുജറാത്താണ് ഒന്നാമത്. 28,372 അപേക്ഷകൾ ലഭിച്ച മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുമുണ്ട്.
ഏറ്റവും കൂടുതൽ ഹജ്ജ് ക്വാട്ട അനുവദിക്കപ്പെടാറുള്ള ഉത്തർപ്രദേശിൽ നിന്ന് ഇത്തവണ 22,623 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. തമിഴ്നാട്ടിൽ നിന്ന് 14,124, പശ്ചിമ ബംഗാളിൽ നിന്ന് 4,984 അപേക്ഷകളും സമർപ്പിക്കപ്പെട്ടു. കേവലം മൂന്ന് പേർ മാത്രം അപേക്ഷിച്ച അരുണാചൽ പ്രദേശിൽ നിന്നാണ് ഏറ്റവും കുറവ് അപേക്ഷകളുള്ളത്. കേരളം വഴി ഹജ്ജിന് പോകുന്ന ലക്ഷദ്വീപിൽ നിന്ന് 122 അപേക്ഷകൾ ലഭിച്ചപ്പോൾ തെലുങ്കാന (12,021), മധ്യപ്രദേശ് (10,141), രാജസ്ഥാൻ (5,987), ജമ്മു കശ്മീർ (4,769), ആന്ധ്രാപ്രദേശ് (2,825) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
പാസ്പോർട്ട് ലഭിക്കാനുള്ള കാലതാമസം കണക്കിലെടുത്ത് നീട്ടിനൽകിയ സമയപരിധി ഈ മാസം 24-നാണ് അവസാനിച്ചത്. അപേക്ഷകരുടെ നറുക്കെടുപ്പ് ഈ മാസം 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മുംബൈ ഹജ്ജ് ഹൗസിൽ വെച്ച് നടക്കും. മുസ്ലിം ജനസംഖ്യാനുപാതികമായാണ് ഓരോ സംസ്ഥാനങ്ങൾക്കും ഹജ്ജ് ക്വാട്ട വീതിച്ചു നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെയും വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെയും വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കും. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പുരുഷ മെഹറമില്ലാതെ (ലേഡീസ് വിത്തൗട്ട് മെഹറം) അപേക്ഷിച്ച 45 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും. കൂടാതെ കഴിഞ്ഞ വർഷം അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവരുടെ 30 ശതമാനം പേർക്കും നേരിട്ട് സംവരണം നൽകും.



