13.9 C
Saudi Arabia
Saturday, March 7, 2026
spot_img

പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം: പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ  ഇടപെടൽ തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : ഇസ്രയേൽ–ഇറാൻ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്തിരിക്കുന്ന യുദ്ധസമാന സാഹചര്യം ഗൾഫ് നാടുകളിലെ പ്രവാസികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

മേഖലയിലെ സംഘർഷം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ചത് ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ അവിടെ കുടുങ്ങിക്കിടക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനും മുൻഗണനാ അടിസ്ഥാനത്തിൽ വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നതിനും കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം.

രോഗികൾ, പ്രായമായവർ, ഗർഭിണികൾ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ എന്നിവരെ മുൻഗണനാ ക്രമത്തിൽ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ മിഷനുകൾ വഴി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിഡിൽ ഈസ്റ്റിലെ വിവിധ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നതിനിടയിൽ സർവീസുകൾ റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയിൽ കുടുങ്ങിപ്പോയ യാത്രക്കാരുടെ ദയനീയാവസ്ഥയും മുഖ്യമന്ത്രി കത്തിൽ പ്രത്യേകം പരാമർശിച്ചു. ഇവർക്കായി പ്രത്യേക ഹെൽപ്പ് ലൈൻ സൗകര്യം ഏർപ്പെടുത്തണമെന്നും സന്ദർശക വിസയിൽ എത്തിയവരുടെ മടക്കയാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

വിദേശത്ത് പ്രയാസമനുഭവിക്കുന്ന പ്രവാസികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.

 

Related Articles

- Advertisement -spot_img

Latest Articles