മനാമ: ബഹ്‌റൈനിലെ ജുഫൈറിൽ സ്ഥിതി ചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ തെഹ്‌റാൻ ടൈംസിനെ ഉദ്ധരിച്ചാണ് പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ പശ്ചിമേഷ്യൻ സംഘർഷം പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നതിൻ്റെ സൂചനയാണ്. ശനിയാഴ്ച പുലർച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ നാവിക കേന്ദ്രത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഏകോപിപ്പിച്ച ഈ ആക്രമണത്തിന് ബാലിസ്റ്റിക് മിസൈലുകളും ഷാഹെദ്-136 ഡ്രോണുകളുമാണ് ഉപയോഗിച്ചത്. നാവിക ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ, പ്രധാന സർവീസ് കെട്ടിടങ്ങൾ, സാറ്റലൈറ്റ് ടെർമിനലുകൾ എന്നിവ മിസൈൽ പ്രഹരത്തിൽ തകർന്നു. അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ നീക്കമെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. ബഹ്‌റൈനിലെ തന്ത്രപ്രധാനമായ ജുഫൈർ മേഖലയിൽ ഉണ്ടായ സ്ഫോടനങ്ങളെത്തുടർന്ന് ജനവാസ മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് സൂചന. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തിയെങ്കിലും, യുഎസ് സൈനിക താവളങ്ങൾ തങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളായി തുടരുമെന്ന് ഇറാൻ സൈനിക കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തെത്തുടർന്ന് മേഖലയിലെ മറ്റ് അമേരിക്കൻ താവളങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു.



