ന്യൂയോർക്ക്/ടെഹ്റാൻ: ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് സ്വന്തം മണ്ണ് വിട്ടുനൽകിയതിലൂടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാൻ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ അമീർ സയീദ് ഇരവാനി യുഎൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ, യുഎസ് ആക്രമണങ്ങൾക്ക് കൂട്ടുനിന്നതിലൂടെ ഉണ്ടായ ഭൗതികവും ധാർമ്മികവുമായ എല്ലാ നാശനഷ്ടങ്ങൾക്കും യുഎഇ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. വിദേശ ശക്തികൾക്ക് ആക്രമണം നടത്താൻ സൗകര്യമൊരുക്കിയത് വഴി യുഎഇ നടത്തിയത് രാജ്യാന്തര തലത്തിൽ തെറ്റായ നടപടിയാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രാജ്യത്തിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന് മറുപടിയായി ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ യുഎഇക്കാണ് നിലവിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. ഇറാന്റെ തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്കിടയിലും, തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നിയമപരമായ പരിഹാരം തേടാനാണ് ഇറാൻ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ നീക്കം നടത്തുന്നത്. മേഖലയിലെ സംഘർഷം പാരമ്യത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ ആവശ്യം ഗൾഫ് രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



