22.4 C
Saudi Arabia
Thursday, March 19, 2026
spot_img

സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവർ അറിയിച്ചു.

ഒരു മാസം നീണ്ടുനിന്ന വിശുദ്ധ റമദാൻ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ഈദുൽ ഫിത്വ്രിലേക്ക് പ്രവേശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും ഈ ദിനത്തെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.

ഗസ്സ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനതയെ സ്മരിച്ചുകൊണ്ട് പ്രാർത്ഥനാനിർഭരമായി വേണം ആഘോഷങ്ങൾ സംഘടിപ്പിക്കാനെന്ന് മതനേതാക്കൾ ആഹ്വാനം ചെയ്തു. പെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ പെരുന്നാൾ നിസ്കാരത്തോടൊപ്പം തന്നെ ജുമുഅ നിസ്കാരവും വിശ്വാസികൾ നിർവഹിക്കണമെന്ന് ഖാസിമാർ ഓർമ്മിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെയാണ് പെരുന്നാൾ ആഘോഷിക്കുന്നത് എന്നതിനാൽ ഇത്തവണ കേരളത്തിലും ഗൾഫിലും ഒരേ ദിവസമാണ് ചെറിയ പെരുന്നാൾ എത്തുന്നത്. മാസപ്പിറവി പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ വിപണികളും വീടുകളും ആഘോഷ ലഹരിയിലേക്ക് മാറി.

 

Related Articles

- Advertisement -spot_img

Latest Articles