വാഷിംഗ്ടൺ: ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ജപ്പാൻ നൽകുന്ന വലിയ പിന്തുണയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശംസിച്ചു. ഹോർമുസ് വിഷയത്തിൽ ജപ്പാൻ നടത്തുന്ന സഹകരണം അതിശയിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ച ട്രംപ്, എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്കയെ സഹായിക്കുന്നതിൽ പരാജയപ്പെട്ട നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ചു. ജപ്പാൻ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ നാറ്റോ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിലെ യുദ്ധസാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യത്തെ വിന്യസിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികൾ നിശ്ചയിച്ച സമയത്തേക്കാൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കാനുള്ള നീക്കങ്ങൾ തുടരുന്നതിനിടെ, ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാർഗ് ദ്വീപ് ഏത് നിമിഷവും പിടിച്ചെടുക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ വടക്കൻ ഗൾഫ് മേഖലയിലുള്ള ഈ ചെറിയ ദ്വീപ് പിടിച്ചെടുക്കുന്നതിലൂടെ അവരുടെ സാമ്പത്തിക നട്ടെല്ല് തകർക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.



