വാഷിംഗ്ടൺ: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മാത്രമേ സാധിക്കൂ എന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചി. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് ജപ്പാൻ പ്രധാനമന്ത്രി ട്രംപിനെ പ്രശംസകൊണ്ട് മൂടിയത്. നിലവിൽ ലോകം അതീവ ഗുരുതരമായ സുരക്ഷാ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും ആഗോള സമ്പദ്വ്യവസ്ഥ വലിയൊരു തകർച്ചയുടെ ഭീഷണിയിലാണെന്നും അവർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സമൂഹത്തിന്റെ ഈ സന്ദേശം നേരിട്ട് അറിയിക്കാനാണ് താൻ വാഷിംഗ്ടണിലെത്തിയതെന്ന് പറഞ്ഞ സനേ തകൈച്ചി, ട്രംപിന്റെ നേതൃത്വത്തിൽ മാത്രമേ ആഗോള സമാധാനം കൈവരിക്കാനാകൂ എന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ജപ്പാൻ ഇറാനുമായി ചർച്ചകൾ നടത്തിവരികയാണെന്നും അവർ അറിയിച്ചു. എന്നാൽ, അയൽ രാജ്യങ്ങൾക്കും ഗൾഫ് മേഖലയ്ക്കും നേരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെയും ലോകത്തെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ നടപടിയെയും ജപ്പാൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാന്റെ ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ ആഗോള വിപണിക്കും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും ജപ്പാൻ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.



