19.4 C
Saudi Arabia
Thursday, March 19, 2026
spot_img

കരുണയുടെയും കരുതലിന്റെയും വറ്റാത്ത സ്മരണകളുമായി അബ്ദുറഹീം വണ്ടൂർ മടങ്ങുന്നു; നാലരപ്പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം

ജിദ്ദ: പ്രവാസലോകത്ത് സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങളും മായാത്ത ഓർമ്മകളും സമ്മാനിച്ച് അബ്ദുറഹീം വണ്ടൂർ 46 വർഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ഇ.എ. ജുഫാലി ആന്റ് ബ്രദേഴ്സ് കമ്പനിയിൽ കമ്മോഡിറ്റി ലീഡറായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, സഹപ്രവർത്തകർക്കും പ്രവാസി സമൂഹത്തിനും എന്നും വലിയൊരു താങ്ങായിരുന്നു.

ഔദ്യോഗിക തിരക്കുകൾക്കിടയിലും സാമൂഹിക സേവനത്തിനും നാടിന്റെ പുരോഗതിക്കുമായി സമയം കണ്ടെത്തിയ അദ്ദേഹം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി വലിയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡന്റായും ജിദ്ദ മഹദ് അൽ ഉലൂം ഇന്റർനാഷണൽ സ്കൂൾ ഡയറക്ടറേറ്റ് ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

ഐ.സി.എഫ് ജിദ്ദ റീജിയൻ കമ്മിറ്റി സംഘടിപ്പിച്ച ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുജീബ് റഹ്മാൻ എ ആർ നഗർ, ബഷീർ എറണാംകുളം,യഹ് യ ഖലീൽ നൂറാനി, ഹസ്സൻ സഖാഫി തുടങ്ങി പ്രമുഖർ സംബന്ധിച്ചു. ആപത്ഘട്ടങ്ങളിൽ പ്രവാസികൾക്ക് തണലായി നിന്നതും സംഘടനയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താൻ നൽകിയ നേതൃത്വവും സഹപ്രവർത്തകർ ചടങ്ങിൽ നന്ദിയോടെ അനുസ്മരിച്ചു.

നാലര പതിറ്റാണ്ടിലധികം നീണ്ട തന്റെ പ്രവാസ ജീവിതത്തിലെ സ്നേഹനിർഭരമായ നിമിഷങ്ങൾ പങ്കുവെച്ച അബ്ദുറഹീം വണ്ടൂർ, തനിക്ക് ലഭിച്ച വലിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി. ഒരു വലിയ വ്യക്തിത്വത്തെയാണ് ഇതോടെ ജിദ്ദയിലെ പ്രവാസി സമൂഹത്തിന് നഷ്ടമാകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles