വിവാദ പ്രസ്‌താവന; വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ തന്നെ വ്യക്തമായ വിശദീകരണം നൽകിയ സാഹചര്യത്തിൽ താൻ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സമുദായത്തിന് എതിരെയല്ല, മറിച്ച് മുസ്ലിം ലീഗിനെതിരെയാണ് താൻ സംസാരിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ പറയുന്ന കാര്യങ്ങളെ ഒരു സമുദായത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കൂട്ടിചേർത്തു.

എന്നാൽ മുസ്‌ലിം ലീഗിനെ മാത്രമായിരുന്നില്ല വെള്ളാപ്പള്ളി വിമർശിച്ചിരുന്നത്‌. മലപ്പുറം ജില്ലയെയും കാന്തപുരം ഉൾപ്പടെയുള്ള മുസ്‌ലിം നേതാക്കളെയും രൂക്ഷമായി തന്നെ വിമർശിച്ച വെള്ളാപ്പള്ളി മുസ്‌ലിംകൾക്കെതിരെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒന്നിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ന്യൂനപക്ഷ സമുദായങ്ങൾ എല്ലാ മേഖലകളും കൈയടക്കുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ ആരോപണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

മലപ്പുറം ജില്ലയിൽ ഒരു സ്ഥാപനം പോലും തുടങ്ങാൻ അനുവദിക്കുന്നില്ലെന്നും മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾ സമുദായത്തിന്റെ പേരിൽ അമിത ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് മറ്റ് സമുദായങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, എസ്.എൻ.ഡി.പി പോലുള്ള പ്രധാന സംഘടനകളിൽ നിന്ന് വർഗീയ നിലപാടുകൾ ഉണ്ടാകുന്നത് കേരളം പ്രതീക്ഷിക്കുന്ന കാര്യമല്ലെന്നും അക്കാര്യത്തിൽ അവർ തന്നെയാണ് വിശദീകരണം നൽകേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പ്രസ്താവനകളോടും പ്രതികരിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles