റിയാദ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തുന്ന ആക്രമണങ്ങൾ പുതിയ തലത്തിലേക്ക്. ഞായറാഴ്ച പുലർച്ചെ സൗദി തലസ്ഥാനമായ റിയാദിന് നേരെ ഇറാൻ മൂന്ന് ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കി അറിയിച്ചു. ഇതിൽ ഒരു മിസൈൽ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് വിജയകരമായി തകർത്തു. മറ്റ് രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത മേഖലകളിലാണ് പതിച്ചത്. ഇതിനുപുറമെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണുകളെയും പ്രതിരോധ സേന തടയുകയും നശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം കിഴക്കൻ പ്രവിശ്യയിലെ എണ്ണപ്പാടങ്ങളും റിഫൈനറികളും ലക്ഷ്യമിട്ടെത്തിയ 62 ഡ്രോണുകളാണ് സൗദി വെടിവച്ചിട്ടത്.
ഫെബ്രുവരി 28-ന് ശേഷം സൗദി അറേബ്യക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ വൻതോതിൽ വർധിച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 600-ഓളം ഡ്രോൺ ആക്രമണങ്ങളും, 45 ബാലസ്റ്റിക് മിസൈലുകളും, 7 ക്രൂയിസ് മിസൈലുകളുമാണ് സൗദിക്ക് നേരെ പ്രയോഗിക്കപ്പെട്ടത്. തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യം വെച്ചുള്ള ഈ നീക്കങ്ങളെ സൗദി അറേബ്യ അതീവ ജാഗ്രതയോടെയാണ് പ്രതിരോധിക്കുന്നത്. മേഖലയിൽ സംഘർഷം പാരമ്യത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.



