23.8 C
Saudi Arabia
Wednesday, March 25, 2026
spot_img

കടൽ കടന്നൊരു കൈകൊടുക്കൽ; സൗദി-ബഹ്‌റൈൻ സമുദ്രപാതയിൽ വിപ്ലവകരമായ മാറ്റവുമായി ‘മവാനി’

റിയാദ്: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര ഷട്ടിൽ സർവീസിന് തുടക്കമായി. സൗദി പോർട്‌സ് അതോറിറ്റിയായ ‘മവാനി’, പ്രശസ്ത ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിയുമായി ചേർന്നാണ് ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി ഈ സർവീസ് ആരംഭിച്ചത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും ആഗോള വ്യാപാര ശൃംഖലയുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സൗദിയുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്. ‘ഗൾഫ് ഷട്ടിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ സർവീസ് ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് പോർട്ടിനെ ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ പോർട്ടുമായാണ് നേരിട്ട് ബന്ധിപ്പിക്കുന്നത്.

3,000 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുള്ള ഈ ഷട്ടിൽ സർവീസ്, മേഖലയിലെ ലോജിസ്റ്റിക്സ് രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്ന് വൻകരകളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി സൗദി അറേബ്യയെ മാറ്റുക എന്ന ‘വിഷൻ 2030’-ന്റെ ലക്ഷ്യങ്ങളിലേക്ക് ഈ പദ്ധതി വലിയ സംഭാവന നൽകും. മേഖലയിലെ മറ്റ് പ്രധാന തുറമുഖങ്ങളായ ഷാർജ, അബുദാബി (യുഎഇ), ഉമ്മു ഖസർ (ഇറാഖ്) എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഈ സർവീസ് സഹായിക്കും. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനൊപ്പം ഇന്ധന വിലവർദ്ധനവും യുദ്ധസമാനമായ സാഹചര്യങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ ഇത്തരം പ്രാദേശിക സമുദ്ര ബന്ധങ്ങൾ അനിവാര്യമാണെന്ന് മവാനി വ്യക്തമാക്കി.

കിംഗ് അബ്ദുൽ അസീസ് തുറമുഖത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ സൗദിയിൽ നിന്നുള്ള കയറ്റുമതി കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും. അത്യാധുനിക സൗകര്യങ്ങളുള്ള 43 ബർത്തുകളിലായി പ്രതിവർഷം 105 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ തുറമുഖത്തിനുണ്ട്. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ആഗോള കപ്പൽ ഗതാഗതത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ ഈ പുതിയ സമുദ്രപാത സഹായിക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.

 

Related Articles

- Advertisement -spot_img

Latest Articles