യുഎസ് വിമാനവാഹിനിക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണം; സ്ഥാനം മാറ്റി ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’

ടെഹ്‌റാൻ: പേർഷ്യൻ ഗൾഫ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ സൈന്യം. ബുധനാഴ്ച ഇറാൻ തൊടുത്ത ഖാദിർ തീരദേശ ക്രൂയിസ് മിസൈലുകൾ പടക്കപ്പലിനെ ലക്ഷ്യം വെച്ചതായും, ആക്രമണത്തെത്തുടർന്ന് വിമാനവാഹിനിക്കപ്പലിന് അതിന്റെ സ്ഥാനം മാറ്റേണ്ടി വന്നതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കൻ കപ്പൽ പടയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ സമുദ്രാതിർത്തി ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്നും ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്റാം ഇറാനി മുന്നറിയിപ്പ് നൽകി. മിസൈലുകളുടെ പരിധിയിലേക്ക് കപ്പൽ പട പ്രവേശിച്ചാൽ ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും അമേരിക്കയുടെ ഭീഷണി നേരിടുന്നതിനുമാണ് ഈ പുതിയ സൈനിക നീക്കമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.

അതേസമയം, മിസൈൽ ആക്രമണത്തെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദങ്ങളോട് വാഷിംഗ്ടൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനുമുമ്പ് മാർച്ച് ആറിന് എബ്രഹാം ലിങ്കണ് നേരെ നടന്ന ഡ്രോൺ ആക്രമണം പെന്റഗൺ നിഷേധിച്ചിരുന്നു. നിലവിൽ ഇസ്രായേലിന് പിന്തുണയുമായി രണ്ട് വിമാനവാഹിനിക്കപ്പലുകളാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles