വടകരയിൽ സ്‌ഫോടനം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, ബോംബ് നിർമ്മാണത്തിനിടെയെന്ന് യു.ഡി.എഫ്

കോഴിക്കോട്: വടകര വില്യാപ്പള്ളിക്ക് സമീപം കൊറ്റിയാംവെള്ളിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 16 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കൊറ്റിയാംവെള്ളി സ്വദേശി യദു ദേവിനാണ് വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന അപകടത്തിൽ പരിക്കേറ്റത്. സ്‌ഫോടനത്തിൽ കുട്ടിയുടെ കൈപ്പത്തി പൂർണ്ണമായും തകർന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി. സംഭവസ്ഥലത്ത് പോലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബോംബ് നിർമ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന ഗുരുതര ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. പ്രാദേശിക സി.പി.എം നേതാവിന്റെ ബന്ധുവിന്റെ വീട്ടിലാണ് അപകടം നടന്നതെന്നും, സ്‌ഫോടനത്തിന് പിന്നാലെ അവിടെനിന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

എന്നാൽ, യു.ഡി.എഫിന്റേത് രാഷ്ട്രീയ പ്രേരിതമായ വെറും ആരോപണങ്ങൾ മാത്രമാണെന്ന് എൽ.ഡി.എഫ് നേതൃത്വം പ്രതികരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സ്‌ഫോടനവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രാദേശിക എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സ്‌ഫോടനത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles