കോഴിക്കോട്: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ കരിങ്കൊടി കാണിച്ച കെഎസ്യു നേതാവിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികൾക്ക് ജാമ്യത്തിലിറങ്ങിയപ്പോൾ സിപിഎം ആവേശകരമായ സ്വീകരണം നൽകി. കേസിലെ പ്രതികളായ മിഥുൻലാൽ, രൂപേഷ് എന്നിവരെയാണ് സിപിഎം പ്രാദേശിക നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചത്. പ്രതികളെ ആനയിച്ചുകൊണ്ട് റോഡിലൂടെ നടത്തിയ പ്രകടനത്തിൽ പൊലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമുയർന്നു. ഫെബ്രുവരി 27-ന് പുലർച്ചെയാണ് കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലൻ്റെ തോടന്നൂരിലെ വീടിന് നേരെ ബോംബേറുണ്ടായത്. മുഖം മറച്ചെത്തിയ മൂന്നംഗ സംഘം ഗേറ്റിന് മുന്നിലെത്തി ബോംബെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൻ്റെ തുടർച്ചയായാണ് ഈ അക്രമം നടന്നതെന്നാണ് ആരോപണം. പ്രതിഷേധത്തിനിടെ മന്ത്രിക്കു കഴുത്തിന് പരിക്കേറ്റതായി പരാതി ഉയരുകയും കെഎസ്യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പെടെയുള്ളവർ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സമയത്തായിരുന്നു റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിഷേധം അരങ്ങേറിയത്. അക്രമം നടത്തിയവർക്ക് രാഷ്ട്രീയ നേതൃത്വം പരസ്യമായി സ്വീകരണം നൽകിയത് വടകര മേഖലയിൽ വലിയ രാഷ്ട്രീയ വിയോജിപ്പുകൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.



