26 C
Saudi Arabia
Sunday, March 29, 2026
spot_img

ഹോർമുസ് കടലിടുക്ക് തുറക്കാൻ കരസേനാ നീക്കം അനിവാര്യം; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി പ്രതിരോധ വിദഗ്ധർ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കാൻ ഇറാനിൽ പരിമിതമായ തോതിലെങ്കിലും കരസേനാ നീക്കം നടത്താതെ അമേരിക്കയ്ക്ക് മറ്റ് വഴികളില്ലെന്ന് പ്രമുഖ അന്താരാഷ്ട്ര നിരീക്ഷകൻ കെന്നത്ത് കാറ്റ്‌സ്മാൻ. വ്യോമാക്രമണങ്ങൾ കൊണ്ടുമാത്രം ഇറാനെ പൂർണ്ണമായും വരുതിയിലാക്കാനോ തന്ത്രപ്രധാനമായ ഈ സമുദ്രപാത തുറപ്പിക്കാനോ സാധിക്കില്ലെന്ന് സുഫാൻ സെന്റർ ഫോർ സ്ട്രാറ്റജിക് ഡയലോഗിലെ സീനിയർ ഫെലോ ആയ അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ചില പ്രദേശങ്ങൾ അമേരിക്കൻ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയാൽ മാത്രമേ യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാനാകൂ എന്നും, അത്തരമൊരു നീക്കം നടത്തിയാൽ യുദ്ധം മുൻകൂട്ടി പ്രവചിക്കാനാകാത്ത അത്യന്തം അപകടകരമായ തലത്തിലേക്ക് മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനകം തന്നെ ആയിരക്കണക്കിന് മിസൈലുകൾ അമേരിക്കയും ഇസ്രായേലും വർഷിച്ചെങ്കിലും ഇറാന്റെ നാവിക-മിസൈൽ ശേഷിയെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യോമാക്രമണത്തിന് പകരം കരസേനയെ ഉപയോഗിച്ച് ഇറാന്റെ തീരപ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ആലോചനകൾ പെന്റഗണിൽ സജീവമാകുന്നത്. അയ്യായിരത്തോളം അമേരിക്കൻ മറീനുകൾ ഇതിനകം തന്നെ പശ്ചിമേഷ്യൻ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർ ഖാർഗ് ദ്വീപോ മറ്റ് തന്ത്രപ്രധാന തീരങ്ങളോ ലക്ഷ്യം വെച്ചേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ട്രംപ് ഭരണകൂടം ഈ കടുത്ത നടപടിയിലേക്ക് നീങ്ങാൻ സാധ്യതയേറെയാണ്.

 

Related Articles

- Advertisement -spot_img

Latest Articles