ഇറാൻ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ചയോ അല്ലെങ്കിൽ പരമാവധി മൂന്നാഴ്ചയോ കൊണ്ട് അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. യുഎസ് സൈനിക നടപടികൾ ഉടൻ പൂർത്തിയാകുമെന്നും ഇറാന്റെ ആണവ-സൈനിക ശേഷികൾ തകർത്തുകഴിഞ്ഞാൽ അമേരിക്കൻ സേന പിൻവാങ്ങുമെന്നും അദ്ദേഹം ഓവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ഒരു കരാറിന്റെ ആവശ്യമില്ലെന്നും, ഇറാന് ഇനി ഭീഷണിയാകാൻ കഴിയില്ലെന്ന് ഉറപ്പാക്കിയാൽ മാത്രം മതിയാകുമെന്നുമാണ് ട്രംപിന്റെ നിലപാട്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം അതിന്റെ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, യുദ്ധത്തിൽ അമേരിക്കയെ സഹായിക്കാൻ മടിക്കുന്ന സഖ്യകക്ഷികൾക്കെതിരെ ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ഉത്തരവാദിത്തം ഇനി അമേരിക്ക ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “നിങ്ങൾക്ക് എണ്ണ വേണമെങ്കിൽ അത് സ്വന്തമായി കണ്ടെത്തുക, യുഎസ് ഇനി സഹായിക്കാനുണ്ടാവില്ല” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ തുറന്നടിച്ചു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളെ സഹായിക്കാത്ത സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകുന്നവർ തന്നെ അതിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിനെയും ബ്രിട്ടനെയും പേരെടുത്തു പറഞ്ഞായിരുന്നു ട്രംപിന്റെ വിമർശനം.

യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയാണ്. അമേരിക്കയിൽ ഗാലന് 4 ഡോളറിന് മുകളിലാണ് പെട്രോൾ വില. ഈ സാഹചര്യത്തിൽ ആഭ്യന്തര സമ്മർദ്ദം ലഘൂകരിക്കാനാണ് യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ, പാകിസ്ഥാന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് ട്രംപ് പറഞ്ഞെങ്കിലും, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ ആറിന് ശേഷം ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles