23.9 C
Saudi Arabia
Sunday, April 5, 2026
spot_img

കുടക് വനത്തിലെ മൂന്ന് ദിനങ്ങൾ; അസാമാന്യ മനക്കരുത്തിൽ അതിജീവിച്ച് ശരണ്യ തിരിച്ചെത്തി

കോഴിക്കോട്: കർണാടകയിലെ കുടക് വനമേഖലയിൽ ട്രക്കിംഗിനിടെ കാണാതായ കോഴിക്കോട് നാദാപുരം ഐയ്യങ്കോട് സ്വദേശിനി ജി.എസ്. ശരണ്യയെ (36) മൂന്ന് ദിവസത്തെ വിപുലമായ തിരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പോലീസ്, വനം വകുപ്പ്, ആന്റി നക്സൽ ഫോഴ്സ് എന്നിവരടങ്ങുന്ന അറുപതോളം പേരടങ്ങിയ പ്രത്യേക തിരച്ചിൽ സംഘമാണ് ബെട്ട വനമേഖലയുടെ ഉള്ളിൽ നിന്ന് ശരണ്യയെ കണ്ടെത്തിയത്. ഏപ്രിൽ രണ്ടിന് കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോളിലേക്ക് ട്രക്കിംഗിന് പോയ ശരണ്യയെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ അധികൃതർ വലിയ രീതിയിലുള്ള ആശങ്കയിലായിരുന്നു. എന്നാൽ, കാടിനുള്ളിൽ ഒറ്റപ്പെട്ടുപോയിട്ടും ഒട്ടും പതറാതെ പുഞ്ചിരിയോടെയാണ് ശരണ്യ പുറത്തെത്തിയത്.

കുന്നിറങ്ങുന്നതിനിടെ വഴിതെറ്റിയ ശരണ്യ, കാട് നിബിഡമായതിനാൽ സംഘത്തിൽ നിന്നും വേർപെടുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യദിവസം വൈകുന്നേരം വരെ കുന്നിറങ്ങിയെങ്കിലും ആരെയും കാണാത്തതിനെ തുടർന്ന് അവിടെ തന്നെ തുടരാൻ തീരുമാനിച്ചു. സുഹൃത്തായ യദുവിനെ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഹെൽപ്പ് ലൈൻ നമ്പറിലേക്ക് സന്ദേശമയക്കാൻ ശ്രമിക്കുന്നതിനിടെ ഫോൺ സ്വിച്ച് ഓഫ് ആയി. രണ്ടാം ദിവസം തിരച്ചിൽ നടത്തുന്ന ഡ്രോണുകളുടെ ശ്രദ്ധയിൽപ്പെടാനായി കുന്നിൻ മുകളിലേക്ക് കയറി ഇരുന്നു. മൂന്നാം ദിവസം കനത്ത മഴയും തണുപ്പും വെല്ലുവിളിയായെങ്കിലും അരുവിയിലെ വെള്ളം കുടിച്ച് വിശപ്പടക്കി. വന്യമൃഗങ്ങളെ കണ്ടില്ലെന്നും താൻ ഒട്ടും ഭയപ്പെട്ടിരുന്നില്ലെന്നും ശരണ്യ വ്യക്തമാക്കി.

കൊച്ചിയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ, ആദ്യം തനിയെ ട്രക്കിംഗ് നടത്താനായിരുന്നു പദ്ധതിയെങ്കിലും കാട്ടാനകളുടെ സാന്നിധ്യം കണക്കിലെടുത്ത് മറ്റൊരു സംഘത്തോടൊപ്പമാണ് യാത്ര തിരിച്ചത്. യാത്രയ്ക്കിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെ താൻ വഴിതെറ്റിയെന്ന സന്ദേശം അയച്ചതിന് പിന്നാലെയാണ് കർണാടക വനംവകുപ്പും പോലീസും തിരച്ചിൽ ഊർജ്ജിതമാക്കിയത്. മകളെ സുരക്ഷിതയായി കണ്ടെത്തിയ വാർത്ത പുറത്തുവന്നതോടെ കുടകിലെത്തിയ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ ആശ്വാസത്തിലാണ്. ബേസ് ക്യാമ്പിൽ തിരിച്ചെത്തിയ ശരണ്യയെ ആഹ്ലാദാരവങ്ങളോടെയാണ് എല്ലാവരും ചേർന്ന് സ്വീകരിച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles