21.1 C
Saudi Arabia
Monday, April 6, 2026
spot_img

ഗംഗാനദിയിൽ ഡിജെ പാർട്ടിയും മദ്യപാനവും; നടപടിയെടുക്കാതെ പോലീസ്, വിവേചനമെന്ന് വ്യാപക പരാതി

വാരാണസി: പുണ്യനദിയായ ഗംഗയിൽ ബോട്ടിലിരുന്ന് യുവാക്കൾ മദ്യപിക്കുകയും ഡിജെ പാർട്ടി നടത്തുകയും ചെയ്ത സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഷർട്ട് ധരിക്കാത്ത ഒരാൾ മദ്യപിക്കുന്നതും പശ്ചാത്തലത്തിൽ ഉച്ചത്തിൽ സംഗീതം മുഴങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇതേ നദിയിൽ ബോട്ടിലിരുന്ന് ഇഫ്താർ സംഗമം നടത്തിയ 14 മുസ്ലിം യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയുമായി താരതമ്യം ചെയ്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾ ഉയരുന്നത്.

അന്ന് ഹിന്ദു യുവമോർച്ച നേതാവ് രജത് ജയസ്വാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇഫ്താറിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുത്തത്. ഇഫ്താറിനിടെ മാംസാഹാരം കഴിച്ചുവെന്നും അതുവഴി മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു അന്നത്തെ അറസ്റ്റ്. എന്നാൽ സമാനമായ രീതിയിൽ പുണ്യനദിയിൽ മദ്യപാനവും ഡിജെ പാർട്ടിയും നടത്തിയവർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് ഇരട്ടത്താപ്പാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചൈത്ര നവരാത്രിയോടനുബന്ധിച്ച് മാഞ്ചി സമുദായത്തിൽപ്പെട്ടവർ നടത്തിയ മതപരമായ ഘോഷയാത്രയാണിതെന്നാണ് പോലീസിന്റെ വാദം. ശീതളഘട്ടിൽ നിന്ന് ആരംഭിച്ച് ചോട്ടി ശീതള മാതാ ക്ഷേത്രം വഴി മിർസാപൂരിലേക്കായിരുന്നു ഈ യാത്രയെന്നും പോലീസ് വിശദീകരിക്കുന്നു.

രാത്രിയിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഈ വീഡിയോകളെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വാരണാസി പോലീസ് അറിയിച്ചു. എന്നാൽ ഈ സംഭവം മതവികാരം വ്രണപ്പെടുത്തിയോ എന്ന ചോദ്യത്തിന് പോലീസ് കൃത്യമായ മറുപടി നൽകിയിട്ടില്ല.

 

Related Articles

- Advertisement -spot_img

Latest Articles