ഇസ്ലാമബാദ്: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന അതീവ നിർണ്ണായകമായ സമാധാന ചർച്ചകൾ ഉടമ്പടിയില്ലാതെ അവസാനിച്ചു. രണ്ട് ദിവസത്തെ തീവ്രമായ നയതന്ത്ര നീക്കങ്ങൾക്കൊടുവിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിൽ നിന്ന് മടങ്ങി. തങ്ങളുടെ ഭാഗത്തുനിന്നുള്ള ഏറ്റവും മികച്ചതും അവസാനത്തേതുമായ നിർദ്ദേശങ്ങൾ ഇറാനു മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ വിട്ടുവീഴ്ചകൾക്ക് അമേരിക്ക തയ്യാറല്ലെന്നും വാൻസ് വ്യക്തമാക്കി. ഇതോടെ മേഖലയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തലിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതേസമയം, ചർച്ചകളിൽ നിന്ന് പിന്മാറാൻ അമേരിക്ക ഒരു ഒഴികഴിവ് കണ്ടെത്തുകയായിരുന്നുവെന്ന് ഇറാനിയൻ പ്രതിനിധി സംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തങ്ങൾ ചർച്ചകളിൽ ആവശ്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നുവെന്നും സമാധാന കരാർ യാഥാർത്ഥ്യമാകേണ്ട ഉത്തരവാദിത്തം ഇനി പൂർണ്ണമായും അമേരിക്കയുടെ കൈകളിലാണെന്നും ഇറാൻ വൃത്തങ്ങൾ പ്രതികരിച്ചു. അതീവ സുരക്ഷാ വലയത്തിൽ നടന്ന ഈ ഉന്നതതല കൂടിക്കാഴ്ച ഫലം കാണാതെ പിരിഞ്ഞത് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.



