18.9 C
Saudi Arabia
Tuesday, April 14, 2026
spot_img

പശ്ചിമേഷ്യൻ പ്രതിസന്ധി: ചർച്ചകൾക്കായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൈനയിൽ

ബീജിംഗ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൈനയിലെത്തി. ബീജിഗിൽ വെച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഫലപ്രാപ്തിയിലെത്താതെ അവസാനിച്ച സാഹചര്യത്തിൽ, മേഖലയിലെ പുതിയ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനും റഷ്യയും ചൈനയും തമ്മിലുള്ള നയതന്ത്ര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിക്കും.

അമേരിക്കയുടെ ഏകപക്ഷീയമായ ഉപരോധ നീക്കങ്ങളെയും സൈനിക ഭീഷണികളെയും സംയുക്തമായി എങ്ങനെ പ്രതിരോധിക്കാമെന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തുമെന്നാണ് സൂചന. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ആഗോള ഊർജ്ജ വിപണിയിലുണ്ടായ പ്രത്യാഘാതങ്ങളും ചർച്ചകളിൽ വിഷയമാകും. റഷ്യയും ചൈനയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്ന ഈ സന്ദർശനം, പശ്ചിമേഷ്യൻ നയതന്ത്രത്തിൽ അമേരിക്കയ്ക്ക് ഒരു ബദൽ ശക്തിയായി മാറാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ റഷ്യയും ചൈനയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles