കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. നിതിനെ മരണത്തിലേക്ക് നയിച്ച ഭീഷണി മുഴക്കിയ ലോൺ ആപ്പ് മാഫിയയിലെ മൂന്ന് അംഗങ്ങളെ കണ്ണൂർ സൈബർ പോലീസ് നോയിഡയിൽ നിന്ന് പിടികൂടി. ‘ഇൻസ്റ്റാ പേ’ എന്ന ലോൺ ആപ്പ് വഴി പണം നൽകി വൻ പലിശ ഈടാക്കുകയും പിന്നീട് അശ്ലീല സന്ദേശങ്ങളും ഭീഷണികളും അയച്ച് മാനസികമായി തളർത്തുകയും ചെയ്ത സംഘമാണ് അറസ്റ്റിലായത്. കണ്ണൂർ സൈബർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നോയിഡയിൽ തമ്പടിച്ചാണ് പ്രതികളെ വലയിലാക്കിയത്. ഇവരെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ആഗോള തലത്തിൽ വ്യാപിച്ചുകിടക്കുന്ന ലോൺ ആപ്പ് തട്ടിപ്പിന്റെ കൂടുതൽ കണ്ണികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
അമ്മയുടെ ചികിത്സയ്ക്കായി നിതിൻ എടുത്ത ചെറിയ തുകയുടെ പേരിലായിരുന്നു സംഘത്തിന്റെ ക്രൂരമായ വേട്ടയാടൽ. 36 ശതമാനത്തോളം പലിശ ഈടാക്കിയ സംഘം നിതിന്റെ ഫോൺ വിവരങ്ങൾ ചോർത്തുകയും സഹ അധ്യാപികയുടെ നമ്പറിലേക്ക് ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ഈ സന്ദേശങ്ങൾ കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നിതിനെ പ്രിൻസിപ്പൽ ചേംബറിൽ വിളിച്ച് പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നിതിൻ ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ പീഡനത്തിനൊപ്പം ലോൺ മാഫിയയുടെ നിരന്തരമായ ഭീഷണിയും നിതിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അധ്യാപകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നെങ്കിലും ലോൺ ആപ്പ് മാഫിയയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കണമെന്ന കുടുംബത്തിന്റെ ആവശ്യമാണ് ഇപ്പോൾ അറസ്റ്റിൽ കലാശിച്ചിരിക്കുന്നത്.



