ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ പഴയതുപോലെ സങ്കീർണ്ണമായ അവസ്ഥയിലേക്ക് തിരിച്ചെത്തിയതായി സൈനിക-നയതന്ത്ര വിദഗ്ധർ. ഇറാനും അമേരിക്കയും ഒരേപോലെ നടപ്പിലാക്കുന്ന സമ്മർദ്ദ തന്ത്രങ്ങൾക്കിടയിൽ വാണിജ്യ കപ്പലുകളുടെ ഗതാഗതം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കുറച്ചുദിവസങ്ങളായി സംഘർഷം കുറയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ വീണ്ടും പഴയ നിലയിലേക്ക് മടങ്ങിയതായി മിലിട്ടറി അനലിസ്റ്റ് അലക്സാണ്ട്രു ഹുഡിസ്റ്റിയാനു അൽ ജസീറയോട് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പോരാട്ടത്തിൽ വാണിജ്യ കപ്പലുകൾ പാതിവഴിയിൽ കുടുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇറാൻ താൽക്കാലികമായി കടലിടുക്ക് തുറന്നുകൊടുത്തത് ഒരു തന്ത്രപരമായ കരുനീക്കമായിരുന്നുവെന്നും എന്നാൽ അമേരിക്കയുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് അവർ ആ തീരുമാനം ഉടൻ പിൻവലിക്കുകയായിരുന്നുവെന്നും ഹുഡിസ്റ്റിയാനു നിരീക്ഷിക്കുന്നു. ഇറാൻ കാണിച്ച സന്മനസ്സിന് വാഷിംഗ്ടൺ അർഹമായ പ്രതികരണം നൽകാതിരുന്നതാണ് സാഹചര്യം വീണ്ടും വഷളാക്കിയത്. ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ തന്ത്രപരമായ ആയുധം (Leverage) ഹോർമുസ് കടലിടുക്കായതിനാൽ അത് കൈവിടാൻ അവർ ഒരിക്കലും തയ്യാറാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ചർച്ചകളിൽ സമ്മർദ്ദം ചെലുത്തുന്നതിനായുള്ള കൃത്യമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ‘കോഴ്സീവ് ഡിപ്ലോമസി’ അഥവാ ബലംപ്രയോഗിച്ചുള്ള നയതന്ത്രത്തിന്റെ ഭാഗമായാണ് വാഷിംഗ്ടൺ ഈ ഉപരോധം തുടരുന്നത്. ഇരുരാജ്യങ്ങളും ഒത്തുതീർപ്പിന് തയ്യാറാകാതെ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയെയും ആഗോള വ്യാപാരത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.



