ഗസ: ഗസയിൽ ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെയുള്ള അതിക്രമങ്ങളും അറസ്റ്റും വലിയ രീതിയിൽ വർദ്ധിച്ചതായി റിപ്പോർട്ട്. പലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഇതുവരെ 23,000-ത്തിലധികം പലസ്തീനികളെ ഇസ്രായേൽ സൈന്യം തടങ്കലിലാക്കിയിട്ടുണ്ട്. ഇതിൽ നിലവിൽ തടവിൽ കഴിയുന്നവരും വിട്ടയക്കപ്പെട്ടവരും ഉൾപ്പെടുന്നു. അതിശക്തമായ സൈനിക റെയ്ഡുകൾ, ചെക്ക്‌പോസ്റ്റുകൾ വഴിയുള്ള പരിശോധനകൾ, സമ്മർദ്ദത്തിലൂടെയുള്ള കീഴടങ്ങൽ എന്നിവയിലൂടെയാണ് ഈ അറസ്റ്റുകൾ നടക്കുന്നത്. ചില സന്ദർഭങ്ങളിൽ പലസ്തീനികളെ ബന്ദികളാക്കി വെക്കുന്ന രീതിയും ഇസ്രായേൽ സ്വീകരിക്കുന്നുണ്ടെന്ന് സംഘടന ആരോപിക്കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും മാധ്യമപ്രവർത്തകരും വൻതോതിൽ ഉൾപ്പെടുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. റിപ്പോർട്ട് പ്രകാരം 700-ലധികം സ്ത്രീകളെയും 1,800-ഓളം കുട്ടികളെയും ഇസ്രായേൽ സേന തടങ്കലിലാക്കിയിട്ടുണ്ട്. കൂടാതെ, 240-ലധികം മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 43 പേർ ഇപ്പോഴും ജയിലിലാണ്. തടവിലാക്കപ്പെട്ടവരിൽ നബ്ലസിൽ നിന്നുള്ള മർവാൻ ഹർസല്ല എന്ന മാധ്യമപ്രവർത്തകൻ ഇസ്രായേൽ ജയിലിൽ വെച്ച് മരണപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ വിലയിരുത്തുന്നത്.
അറസ്റ്റ് നടപടികളോടൊപ്പം അതിക്രൂരമായ പീഡനമുറകളും ഇസ്രായേൽ സൈന്യം പ്രയോഗിക്കുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു. തടവിലാക്കപ്പെട്ടവർക്ക് നേരെ ശാരീരികമായ മർദ്ദനം, ക്രൂരമായ പീഡനം , കുടുംബാംഗങ്ങൾക്ക് നേരെയുള്ള ഭീഷണി എന്നിവ വ്യാപകമാണ്. ജെനിൻ, തുൽക്കറം എന്നീ അഭയാർത്ഥി ക്യാമ്പുകളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് സൈന്യം വരുത്തിയിട്ടുള്ളത്. ഇവിടുത്തെ വീടുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൈനിക നീക്കത്തിന്റെ ഭാഗമായി തകർക്കപ്പെട്ടിട്ടുണ്ട്. ഗസയിലെ യുദ്ധത്തോടൊപ്പം വെസ്റ്റ് ബാങ്കിലും പലസ്തീനികളുടെ ജീവിതം ദുസ്സഹമാക്കുന്ന നടപടികളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.



