സ്‌ട്രോങ് റൂം തുറന്നതായി പരാതി; ആരോപണം തള്ളി ഉദ്യോഗസ്ഥർ; വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമെന്ന് വിശദീകരണം

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നുവെന്ന ആരോപണവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. ജെഡിടി സ്‌കൂളിൽ പ്രവർത്തിക്കുന്ന വോട്ടെണ്ണൽ കേന്ദ്രത്തിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച മുറി തുറന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇതിൽ കൃത്യമായ അന്വേഷണവും കർശന നടപടിയും വേണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. എന്നാൽ, വോട്ടിങ് യന്ത്രങ്ങളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നും മറിച്ച് പോളിങ് രേഖകൾ സൂക്ഷിച്ച മെറ്റീരിയൽ റൂമാണ് തുറന്നതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകൾ എടുത്തത് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്ന് റിട്ടേണിങ് ഓഫീസർ വ്യക്തമാക്കി.

സ്‌ട്രോങ് റൂമിന് സമീപത്തെ മുറി തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫീസർ നേരത്തെ അറിയിച്ചിരുന്നതായി പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ പറഞ്ഞു. രാവിലെ എട്ട് മണിയോടെ ഇക്കാര്യം വിളിച്ച് അറിയിച്ചിരുന്നതായും ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അവർ വ്യക്തമാക്കി. അതേസമയം, മലപ്പുറം ജില്ലയിലും സ്ട്രോങ് റൂമുകൾ തുറക്കാൻ കലക്ടർ നിർദ്ദേശം നൽകിയെന്ന യുഡിഎഫിന്റെ സമാനമായ ആരോപണം ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ തള്ളി. വോട്ടിങ് യന്ത്രങ്ങൾ ത്രിതല സുരക്ഷാ സംവിധാനങ്ങളോടെ പൂർണ്ണ സുരക്ഷിതമാണെന്നും ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മലപ്പുറം ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കലക്ടർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles