ബെൻഗാസി: ലിബിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് തകർന്നുണ്ടായ അപകടത്തിൽ 10 പേർ മരിച്ചതായും 31 പേരെ കാണാതായതായും അന്താരാഷ്ട്ര കുടിയേറ്റ സംഘടന (IOM) അറിയിച്ചു. കിഴക്കൻ ലിബിയയിലെ തോബ്രുക്കിന് (Tobruk) സമീപം അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കടലിൽ അഞ്ച് ദിവസത്തോളം മരണത്തോട് പൊരുതിനിന്ന നാല് പേരെ കഴിഞ്ഞ ദിവസം അത്ഭുതകരമായി രക്ഷപ്പെടുത്തി. ഈജിപ്ത്, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് ശനിയാഴ്ച ആറ് മൃതദേഹങ്ങൾ തീരത്തടിഞ്ഞിരുന്നു. കാണാതായവർക്കായി സമുദ്രത്തിൽ തിരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സ്രോതസ്സുകൾ വ്യക്തമാക്കി.
ദാരിദ്ര്യത്തിൽ നിന്നും ആഭ്യന്തര യുദ്ധങ്ങളിൽ നിന്നും രക്ഷതേടി യൂറോപ്പിലേക്ക് കടക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന ഇടത്താവളമാണ് നിലവിൽ ലിബിയ. സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ മരുഭൂമിയും കടലും കടന്ന് അതിസാഹസികമായാണ് യൂറോപ്പിലേക്ക് എത്താൻ ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഒമ്പത് ലക്ഷത്തിലധികം അഭയാർത്ഥികളാണ് ഇപ്പോൾ ലിബിയയിൽ കഴിയുന്നത്. സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം യാത്രകൾ പലപ്പോഴും വൻ ദുരന്തങ്ങളിലാണ് അവസാനിക്കുന്നത്. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും സംഘർഷാവസ്ഥ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.



