കോഴിക്കോട്: ജില്ലയിൽ ചൂട് കഠിനമാകുന്നതിനിടെ കൊടിയത്തൂർ പഞ്ചായത്തിൽ യുവാവിന് സൂര്യാതപമേറ്റു. പന്നിക്കോട് കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് പൊള്ളലേറ്റത്. യുവാവിൻ്റെ രണ്ട് കൈകളിലും കാലുകളിലും ഗുരുതരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30-ഓടെ വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ജലീൽ. ചെറുവാടി വയൽ ഭാഗത്തെത്തിയപ്പോഴാണ് കഠിനമായ ചൂട് അനുഭവപ്പെട്ടതും ശരീരത്തിൽ പൊള്ളലേറ്റതും. പൊള്ളലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ ചെറുവാടി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിലവിൽ അദ്ദേഹം വിശ്രമത്തിലാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദ്ദേശം. വരും ദിവസങ്ങളിലും ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ കുടയോ മറ്റ് പ്രതിരോധ മാർഗ്ഗങ്ങളോ സ്വീകരിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതർ അറിയിച്ചു. കഠിനമായ ചൂട് അനുഭവപ്പെടുന്ന സമയങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാരും പുറംജോലികളിൽ ഏർപ്പെടുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



