വാഷിംഗ്‌ടൺ: ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിലെ നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയതിന് തൊട്ടുപിന്നാലെ, തന്റെ പ്രത്യേക പ്രതിനിധിയുടെ ഇസ്‌ലാമാബാദ് സന്ദർശനം റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്തംഭനാവസ്ഥയിലായ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഇറാൻ സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും, ഹോർമുസ് കടലിടുക്കിലെ കപ്പൽ പിടിച്ചെടുക്കലടക്കമുള്ള പുതിയ സംഭവവികാസങ്ങൾ ചർച്ചകളെ ബാധിച്ചതായാണ് സൂചന.
അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാതെ ഔദ്യോഗിക ചർച്ചകൾക്ക് തയ്യാറല്ലെന്ന ഇറാൻ്റെ കടുത്ത നിലപാടാണ് സന്ദർശനം റദ്ദാക്കാൻ കാരണമായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. സമാധാനത്തിനായി ഇറാൻ ‘നല്ല വിശ്വാസം’ (Good Faith) കാണിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി. പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം അരാഗ്ചി ഒമാൻ, റഷ്യ എന്നിവിടങ്ങളിലേക്ക് തിരിക്കാനിരിക്കെയാണ് ട്രംപിൻ്റെ ഈ നീക്കം. ഇതോടെ, മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനായി ഇസ്‌ലാമാബാദ് കേന്ദ്രീകരിച്ച് നടന്നിരുന്ന നയതന്ത്ര നീക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്നതും കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതും തുടരുന്ന സാഹചര്യത്തിൽ, സമാധാന ചർച്ചകൾ ഇനി എന്നാണ് പുനരാരംഭിക്കുക എന്നതിൽ ഒരു വ്യക്തതയുമില്ല.



