ഇസ്‌ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഊർജ്ജിതമാക്കി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാകിസ്ഥാനിലെത്തി. ശനിയാഴ്ച ഇസ്‌ലാമാബാദിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫുമായി നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമാനിലേക്ക് പോയ അദ്ദേഹം, ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വീണ്ടും പാകിസ്ഥാൻ തലസ്ഥാനത്ത് മടങ്ങിയെത്തിയത്. യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ടുള്ള ‘പ്രവർത്തനക്ഷമമായ ചട്ടക്കൂട്’ ഇറാൻ പാകിസ്ഥാന് കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദൂതന്മാരുടെ പാകിസ്ഥാൻ സന്ദർശനം റദ്ദാക്കിയ പശ്ചാത്തലത്തിലും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനാണ് ഇറാന്റെ തീരുമാനം. “നയതന്ത്രത്തിന്റെ കാര്യത്തിൽ അമേരിക്ക എത്രത്തോളം ഗൗരവമുള്ളവരാണെന്ന് ഇനി കണ്ടറിയണം” എന്ന് ഒമാനിൽ നിന്ന് മടങ്ങവെ അരാഗ്ചി എക്സിൽ (X) കുറിച്ചു. സമാധാന ചർച്ചകളിൽ നിന്ന് ട്രംപ് പിന്മാറിയത് തിരിച്ചടിയാണെങ്കിലും, മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനുമായി ചേർന്ന് പുതിയ സമാധാന പദ്ധതിക്ക് രൂപം നൽകാനാണ് ഇറാൻ ശ്രമിക്കുന്നത്. ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാകിസ്ഥാനിലെത്തിയ അരാഗ്ചി, വരും മണിക്കൂറുകളിൽ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടുതൽ ചർച്ചകൾ നടത്തും. ഇതിന് പിന്നാലെ അദ്ദേഹം മോസ്കോയിലേക്ക് തിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.



