വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത അത്താഴവിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ 31 കാരനായ കോൾ തോമസ് അല്ലെന്റെ അമ്പരപ്പിക്കുന്ന പശ്ചാത്തലം പുറത്ത്. വൈറ്റ് ഹൗസ് ഹിൽട്ടൻ ഹാളിൽ മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ വിരുന്നിനിടെയായിരുന്നു നാടിനെ നടുക്കിയ വെടിവെപ്പ് നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും കാബിനറ്റ് അംഗങ്ങളും ഉൾപ്പെടെയുള്ള ഉന്നതർ വേദിയിലിരിക്കെ എട്ടു തവണ വെടിയൊച്ച കേട്ടതായാണ് റിപ്പോർട്ടുകൾ. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി പ്രസിഡന്റിനെയും കുടുംബത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നൂറുകണക്കിന് സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിരുന്നിൽ വെടിയൊച്ച കേട്ടതോടെ അതിഥികൾ പരിഭ്രാന്തരായി മേശകൾക്ക് താഴെ അഭയം തേടി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
പിടിയിലായ കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലെൻ മികച്ച വിദ്യാഭ്യാസ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് ഓൺലൈൻ പ്രൊഫൈലുകൾ സൂചിപ്പിക്കുന്നു. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് ഇയാൾ. 2014-ൽ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ സമ്മർ അണ്ടർ ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പ് നേടിയിട്ടുള്ള അലൻ, ഐജെകെ കൺട്രോൾസിൽ മെക്കാനിക്കൽ എൻജിനീയറായും കാൽടെക്കിൽ ടീച്ചിങ് അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സി 2 എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിൽ പാർട്ട് ടൈം അധ്യാപകനായും ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എൻജിനീയറിങ്ങിന് പുറമെ വീഡിയോ ഗെയിം നിർമ്മാണത്തിലും അലൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. തന്മാത്രാ രസതന്ത്രത്തെ അടിസ്ഥാനമാക്കി സ്റ്റീം പ്ലാറ്റ്‌ഫോമിനായി ഒരു വീഡിയോ ഗെയിം വികസിപ്പിച്ചതായും ബഹിരാകാശ പശ്ചാത്തലത്തിലുള്ള ഒരു പുതിയ “ടോപ്പ്-ഡൗൺ ഷൂട്ടർ” കോംബാറ്റ് ഗെയിമിന്റെ പണിപ്പുരയിലാണെന്നും ഇയാളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യക്തമാക്കുന്നു. ഇത്രയും മികച്ച കരിയറുള്ള ഒരാൾ എന്തിനാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലുള്ള പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.



