28.1 C
Saudi Arabia
Sunday, April 26, 2026
spot_img

മൂന്ന് മില്യൺ ദിർഹത്തിന്റെ സൈബർ കൊള്ള; അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തെ കുടുക്കി ഷാർജ പോലീസ്

ഷാർജ: പ്രണയ തട്ടിപ്പിലൂടെയും വ്യാജ ഡെലിവറി സന്ദേശങ്ങളിലൂടെയും ലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്ത അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ ഷാർജ പോലീസ് പിടികൂടി. യുഎഇയിലും വിദേശത്തുമുള്ള വ്യക്തികളെ ലക്ഷ്യമിട്ട് മൂന്ന് മില്യൺ ദിർഹത്തിലധികം (ഏകദേശം 6.8 കോടിയിലധികം ഇന്ത്യൻ രൂപ) കവർന്ന നാല് ആഫ്രിക്കൻ പൗരന്മാരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) വലയിലാക്കിയത്. അത്യന്തം സങ്കീർണ്ണമായ രീതിയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പ്രമുഖ ഷിപ്പിംഗ്, ഇൻഷുറൻസ് കമ്പനികളുടെ പേരിൽ ആൾമാറാട്ടം നടത്തിയും, ഇരകളുടെ പേരിൽ പാഴ്സലുകൾ വന്നിട്ടുണ്ടെന്നും അത് കൈപ്പറ്റാൻ കസ്റ്റംസ് ഫീസും ഇൻഷുറൻസ് തുകയും നൽകണമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ഇൻഷുറൻസ് കമ്പനിയുടെ ഡാറ്റാബേസ് അനധികൃതമായി കൈക്കലാക്കിയ സംഘം, കമ്പനിയുടെ യഥാർത്ഥ ഇടപാടുകാരെ കണ്ടെത്തിയാണ് ഇത്തരം സന്ദേശങ്ങൾ അയച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ സ്ത്രീകളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചുള്ള ‘പ്രണയ തട്ടിപ്പ്’ ആയിരുന്നു സംഘത്തിന്റെ മറ്റൊരു രീതി. ഇരകളുമായി വൈകാരിക ബന്ധം സ്ഥാപിച്ച ശേഷം യുഎഇയിലേക്ക് വരാനുള്ള യാത്രാ ചെലവ് എന്ന വ്യാജേനയോ മറ്റ് അടിയന്തര സാഹചര്യങ്ങൾ പറഞ്ഞോ ഇവർ പണം ആവശ്യപ്പെടും. ട്രേസ് ചെയ്യാൻ പ്രയാസമുള്ള പ്രീപെയ്ഡ് സിം കാർഡുകളും മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് രീതികളുമാണ് ഇവർ പണമിടപാടിനായി ഉപയോഗിച്ചിരുന്നത്. തട്ടിപ്പ് ശൃംഖലയുടെ തലവൻ യുഎഇക്ക് പുറത്തുനിന്നാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. യുഎഇയിലുള്ള മറ്റ് അംഗങ്ങൾ പണം എടിഎമ്മുകൾ വഴി പിൻവലിക്കുകയും അത് കൃത്യമായി വീതിച്ചെടുക്കുകയുമായിരുന്നു പതിവ്.

ഡിജിറ്റൽ ഫോറൻസിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതികളെ പിന്തുടർന്ന പോലീസ് സംഘം, പണം പിൻവലിക്കുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. അപരിചിതരിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക അഭ്യർത്ഥനകളോടും സന്ദേശങ്ങളോടും അതീവ ജാഗ്രത പാലിക്കണമെന്ന് സിഐഡി ഡയറക്ടർ കേണൽ ഡോ. ഖലീഫ ബൽഹാജ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് രേഖകളോ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles