ആലപ്പുഴ: ചെങ്ങന്നൂരിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ആസിഫ് അഷ്‌റഫ് ആണ് ഇടിമിന്നലേറ്റ് മരിച്ച യുവാവ്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ആസിഫിന് മിന്നലേറ്റത്. ഉടൻ തന്നെ മാവേലിക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കവെയാണ് ഈ ദാരുണ സംഭവം നടന്നത്.
കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിലുണ്ടായ അപകടത്തിലാണ് വിളക്കുപാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) മരിച്ചത്. ഇന്ന് രാവിലെ എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കനത്ത മഴ പെയ്തതോടെ മരച്ചുവട്ടിൽ അഭയം തേടിയതായിരുന്നു സരിതയടക്കമുള്ള തൊഴിലാളികൾ. ഈ സമയം വീശിയടിച്ച ശക്തമായ കാറ്റിൽ സമീപത്തെ ആഞ്ഞിലിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, എണ്ണപ്പന ഒടിഞ്ഞ് സരിതയുടെ ദേഹത്തേക്ക് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത വേനൽമഴയിലും ഇടിമിന്നലിലും മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു. കൊല്ലത്ത് മരം വീണ് തോട്ടം തൊഴിലാളിയാണ് മരിച്ചത്. തൃശൂരിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും തുടരുന്നത് പലയിടങ്ങളിലും നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്.
സമാനമായ രീതിയിൽ തൃശൂർ വെങ്ങിണിശ്ശേരിയിൽ വീടിന് സമീപത്തെ പാടത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്കും മിന്നലേറ്റു. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ വ്യക്തമാക്കി. വേനൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.



