ബെംഗളൂരു: കർണാടക തലസ്ഥാനത്ത് പെയ്ത കനത്ത മഴയിലും കാറ്റിലും ബെംഗളൂരു ശിവാജിനഗറിലെ ബൗറിങ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ കൂറ്റൻ മതിൽ ഇടിഞ്ഞുവീണ് രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ഇന്ന് (29/04/2026) വൈകുന്നേരം 5.30-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത (57), സ്മിത (47) എന്നിവരാണ് മരിച്ച മലയാളികൾ. മൂവാറ്റുപുഴയിലെ അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ 56 അംഗ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. അപകടത്തിൽ മൂന്ന് മലയാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ മറ്റ് അഞ്ച് പേർ ബെംഗളൂരു സ്വദേശികളാണ്; ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
നഗരത്തിൽ ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും പെട്ടതോടെ, മഴയിൽ നിന്ന് രക്ഷനേടാൻ ആശുപത്രിയുടെ മതിലിനോട് ചേർന്ന് അഭയം പ്രാപിച്ചവരാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ കുതിർന്നുനിന്ന മതിൽ പെട്ടെന്ന് തകർന്ന് ഇവരുടെ മേലേക്ക് വീഴുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തത്. ദുരന്തസ്ഥലം സന്ദർശിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച അദ്ദേഹം സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



