30.6 C
Saudi Arabia
Saturday, May 2, 2026
spot_img

ജബൽപൂർ ക്രൂയിസ് ബോട്ട് ദുരന്തം: ശക്തമായ കാറ്റും യാത്രക്കാരുടെ പരിഭ്രാന്തിയും അപകടകാരണമെന്ന് കലക്ടർ; ഒമ്പത് മരണം

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ ബർഗി ഡാം റിസർവോയറിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ക്രൂയിസ് ബോട്ട് ദുരന്തത്തിന് കാരണം ശക്തമായ കാറ്റും യാത്രക്കാരുടെ അനിയന്ത്രിതമായ നീക്കങ്ങളുമാണെന്ന് ജില്ലാ കലക്ടർ രാഘവേന്ദ്ര സിങ് അറിയിച്ചു. ഒരു നാല് വയസ്സുകാരൻ ഉൾപ്പെടെ ഒമ്പത് പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. 90 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിൽ അപകടസമയത്ത് 40 യാത്രക്കാരാണുണ്ടായിരുന്നത്. വിനോദയാത്രയുടെ ഭാഗമായി ആരംഭിച്ച ക്രൂയിസ് യാത്ര മിനിറ്റുകൾക്കകം ദുരന്തമായി മാറുകയായിരുന്നു. 28 പേരെ രക്ഷപ്പെടുത്തിയതായും പരിക്കേറ്റവർ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി.

യാത്ര തുടങ്ങി വൈകാതെ തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റ് വീശിയടിക്കുകയും ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി കൂട്ടത്തോടെ ബോട്ടിന്റെ മുകളിലെ ഡെക്കിലേക്ക് ഓടിക്കയറുകയും ചെയ്തതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. എല്ലാവരും ഒരുമിച്ച് വശങ്ങളിലേക്കും മുകളിലേക്കും മാറിയതോടെ ബോട്ടിന്റെ സമതുലിതാവസ്ഥ (Center of Gravity) നഷ്ടപ്പെടുകയും ക്രൂയിസ് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നുവെന്ന് കലക്ടർ വിശദീകരിച്ചു. കാറ്റിനെക്കുറിച്ചുള്ള കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, ഉയർന്ന വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ ബോട്ടിന് ശേഷിയുണ്ടെന്ന പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണ് യാത്രയ്ക്ക് അനുമതി നൽകിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംഭവത്തെ തുടർന്ന് കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയ ക്രൂയിസ് പൈലറ്റ് മഹേഷ് പട്ടേൽ, സഹായി, ടിക്കറ്റ് കൗണ്ടർ ഇൻ ചാർജ് എന്നിവരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൂടാതെ, മൈക്കൽ റിസോർട്ട് ആൻഡ് ബോട്ട് ക്ലബ്ബ് മാനേജർ സുനിൽ മറാവിയെ സസ്‌പെൻഡ് ചെയ്യുകയും സഞ്ജയ് മൽഹോത്രയെ പുതിയ റീജിയണൽ മാനേജറായി നിയമിക്കുകയും ചെയ്തു. അപകടത്തെക്കുറിച്ച് സമഗ്രമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹോം ഗാർഡ്‌സ് ഡി.ജി, സർക്കാർ സെക്രട്ടറി, ഡിവിഷൻ കമ്മീഷണർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാകും അന്വേഷണം നടത്തുക. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം വകുപ്പിന് കീഴിൽ ക്രൂയിസ് പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം (SOP) രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles